2013, ജൂൺ 25, ചൊവ്വാഴ്ച

തിരുനാവായ ഗ്രാമപഞ്ചായത്ത്




മലപ്പുറം ജില്ലയിലെ  തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 19.58 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുനാവായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.

1961ലാണ് തിരുനാവായ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ തിരൂര്‍ ബ്ലോക്കിലാണ് തിരുനാവായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 19.58 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിനെ 14 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. 42,502 വരുന്ന ജനസംഖ്യയില്‍ 22,636 പേര്‍ സ്ത്രീകളും, 19,866 പേര്‍ പുരുഷന്മാരുമാണ്. 70% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് തിരുനാവായ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നയിടങ്ങളായ നിലപാടുതറ, മണിക്കിണര്‍ എന്നീ മാമാങ്ക സ്മാരകങ്ങളും, നിളാ ടൂറിസം, ചങ്ങന്‍പള്ളി കളരി, ബന്തര്‍ തീരം, നാവാമുകുന്ദ ക്ഷേത്രം, മഞ്ചാടികുന്ന്, മരുന്നറ മുതലായവ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. 126 പൊതുകുടിവെള്ള ടാപ്പുകളേയും, 4 പൊതുകിണറുകളേയും പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 7 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും, ഒരു നീതി സ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. 770 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വഴികളിലൂടെയുള്ള രാത്രിസഞ്ചാരം സുഗമമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന തിരുനാവായ പഞ്ചായത്തിനെ താഴ്വര, ചെരിവ് തലം, കുന്നുകള്‍, സമതലങ്ങള്‍, കായലുകള്‍, എന്നിങ്ങനെ തരംതിരിക്കാം. തെക്ക് കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകളും, വടക്ക്വളവന്നൂര്‍, കല്‍പകഞ്ചരി, ആതവനാട് പഞ്ചായത്തുകളും, കിഴക്ക് കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകളും പടിഞ്ഞാറ് തലക്കാട്, തൃപ്രങ്ങോട്, വളവന്നൂര്‍ പഞ്ചായത്തുകളുമാണ് തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍. തിരുത്തികുന്ന്, വാവൂര്‍കുന്ന്, മൈലാടിയാന്‍ കുന്ന്, കോഴിക്കോട് കുന്ന്, മഞ്ചാടികുന്ന് മുതലായവ പഞ്ചായത്തിലെ കുന്നിന്‍ പ്രദേശങ്ങളാണ്. ചെമ്മണ്ണ്, ചരല്‍മണ്ണ്, ചുവന്ന മണ്ണ്, മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്, പാറ, ചെങ്കല്‍പാറ എന്നിവ പഞ്ചായത്തില്‍ വ്യാപകമായി കാണപ്പെടുന്ന മണ്‍തരങ്ങളാണ്. 650 ഹെക്ടറില്‍ തെങ്ങും, 150 ഹെക്ടറില്‍ കവുങ്ങും, 25 ഹെക്ടറില്‍ വാഴയും, 20 ഹെക്ടറില്‍ കുരുമുളകും, 35 ഹെക്ടറില്‍ വെറ്റിലയും, 50 ഹെക്ടറില്‍ ഒന്നാംവിളയായും, 190 ഹെക്ടറില്‍ രണ്ടാം വിളയായും, 70 ഹെക്ടറില്‍ മൂന്നാം വിളയായും നെല്ലും തിരുനാവായ പഞ്ചായത്തില്‍ കൃഷി ചെയ്യപ്പെടുന്നു. ഭാരതപുഴ, തിരുനാവായ പഞ്ചായത്തിന്റെ മുഖ്യജലസ്രോതസ്സാണ്. കൂടാതെ പട്ടര്‍നടക്കാവ് കമാനം, വൈരങ്കോട് കനാല്‍, തിരുനാവായ കനാല്‍, റെയില്‍വേ കനാല്‍ എന്നീ കനാലുകളും പഞ്ചായത്തിന്റെ ജലസ്രോതസ്സുകളാണ്. വലിയപറപ്പൂര്‍ കായല്‍, പല്ലാറ്റ് കായല്‍ എന്നിവയും തിരുനാവായ പഞ്ചായത്തിലെ കായലുകളാണ്. ചീര്‍പ്പ്കുണ്ട് തടാകം, പഞ്ചായത്തിലെ ഏക തടാകമാണ്. 4 കുളങ്ങളും പഞ്ചായത്തിലുണ്ട്. ഒട്ടേറെ ജലസ്രോതസ്സുകളാല്‍ സമ്പന്നമാണ് തിരുനാവായ ഗ്രാമപഞ്ചായത്ത്. ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്, പഞ്ചായത്തിലെ കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകരമായിരിക്കും.
വ്യാവസായികരംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലും, പാരമ്പര്യ വ്യവസായങ്ങളും, ചെറുകിട-ഇടത്തരം വ്യവസായങ്ങളും പഞ്ചയാത്തിന്റെ പലഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. ചെറുകിട വ്യവസായമായ മണ്‍പാത്ര നിര്‍മ്മാണം, ഇടത്തരം വ്യവസായങ്ങളായ വസ്ത്ര നിര്‍മ്മാണം, നോട്ട് ബുക്ക് നിര്‍മ്മാണം എന്നിവയും, ഇടത്തരം വ്യവസായങ്ങളായ തോല്‍ വ്യവസായം, കവര്‍ വ്യവസായം എന്നിവയും തിരുനാവായ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും, ഐ.ബി.പിയുടേയും പെട്രോള്‍ പമ്പുകള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. നാളികേര സംസ്കരണയൂണിറ്റുകള്‍, സിമന്റ് നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, ബാഗ് നിര്‍മ്മാണം, കറിപൌഡര്‍ നിര്‍മ്മാണം എന്നീ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് തിരുനാവായ. കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ ആരംഭിക്കുന്നത് പ്രദേശത്തിന്റെ സമൂലമായ വളര്‍ച്ചക്ക് സഹായകരമായിരിക്കും.
വിദ്യാഭ്യാസരംഗം
തിരുനാവായ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ആരംഭിച്ചത് 1906-ലാണ്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനാണ് സ്ഥാപകര്‍. നിലവില്‍ 8 സ്കൂളുകളും, 2 കോളേജുകളും, തിരുനാവായ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 6 സ്കൂളുകളും, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2 സ്കൂളുകളുമുണ്ട്. പഞ്ചായത്തില്‍ ആകെയുള്ള 2 കോളേജുകളും സ്വകാര്യ മാനേജ്മെന്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കോളേജ് വിദ്യാഭ്യാസരംഗത്തും, സാങ്കേതിക വിദ്യാഭ്യാസരംഗത്തും കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത് അനിവാര്യമാണ്. പഞ്ചായത്തിന്റെ മൊത്തം വികസനത്തിനത് ഏറെ സഹായകരമായിരിക്കും.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി പഞ്ചായത്തിലെ കുന്നുംപുറം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ്, 4 തപാല്‍ ഓഫീസുകള്‍, 2 വില്ലേജ് ഓഫീസുകള്‍, വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസ്, വാട്ടര്‍ അതോറിറ്റി ഓഫീസ്, കൃഷിഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. അത്താവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, എം.ഡി.സി.ബി. കാരത്തൂര്‍, തിരുനാവായ സര്‍വ്വീസ് സഹകരണ ബാങ്ക്, വനിതാ അര്‍ബ്ബന്‍ സൊസൈറ്റി വൈരങ്കോട്, തിരുനാവായ അര്‍ബ്ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മുതലായവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളാണ്.
ഗതാഗതരംഗം
തിരൂര്‍-കുറ്റിപ്പുറം റോഡ്, തിരുനാവായ-പട്ടര്‍നടക്കാവ് റോഡ്, പട്ടര്‍നടക്കാവ്-ആതവനാട് റോഡ്, വൈരങ്കോട്-തിരൂര്‍ റോഡ് എന്നീ പാതകള്‍ തിരുനാവായ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. തിരൂര്‍ ബസ്സ്റ്റാന്റ്, കുറ്റിപ്പുറം ബസ്സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍. തിരുനാവായ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. ബേപ്പൂര്‍ തുറമുഖവും, കൊച്ചി തുറമുഖവും പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങളാണ്. ചൂണ്ടിക്കല്‍ റെയില്‍വേപ്പാലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. മതിയായ ഗതാഗതസൌകര്യങ്ങള്‍ തിരുനാവായക്ക് ഉണ്ടെങ്കിലും പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളാണ് പട്ടര്‍നടക്കാവ് മാര്‍ക്കറ്റ്, എടക്കുളം അങ്ങാടി, വൈരങ്കോട് അങ്ങാടി, തിരുനാവായ അങ്ങാടി, കാരത്തൂര്‍ അങ്ങാടി എന്നീ സ്ഥലങ്ങള്‍. 3 ഷോപ്പിംങ് കോംപ്ളക്സുകളും, 4 മാര്‍ക്കറ്റുകളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ബാവപ്പടി കാലിചന്ത, പട്ടര്‍നടക്കാവ് ചന്ത എന്നിവ തിരുനാവായ പഞ്ചായത്തിലെ ചന്തകളാണ്.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 4 ക്ഷേത്രങ്ങളും, 4 മുസ്ളീം ആരാധനാലയങ്ങളും, ഒരു ക്രിസ്ത്യന്‍ ദേവാലയവും തിരുനാവായ പഞ്ചായത്തിലുണ്ട്. വെങ്ങാലൂര്‍ക്കാവ് മകരചൊവ്വ, ചന്ദനക്കാവ് താലപ്പൊലി മഹോത്സവം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രോത്സവം, തിരുത്തി മങ്കുഴിക്കാവ് ക്ഷേത്രോത്സവം, വൈരങ്കോട് തീയ്യാട്ട് എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. മാമാങ്ക മഹോത്സവം, നബിദിനാഘോഷം, ക്രിസ്മസ് കരോള്‍ മുതലായവ ഈ പ്രദേശത്തെ ആഘോഷങ്ങളാണ്. ജാതി-മത ഭേദമെന്യേ പഞ്ചായത്തിലെ ജനങ്ങള്‍ ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങിയ ടി.കെ.അലിയാമുട്ടി എന്ന കൂച്ചിരി, കലാരംഗത്ത് പ്രശസ്തി നേടിയ എ.പി.കോയാമുട്ടി, കായികരംഗത്ത് പേരെടുത്ത തുറക്കല്‍ ഹംസ, സാംസ്കാരിക പ്രവര്‍ത്തകനായ പള്ളത്ത് കുഞ്ഞാലിയാര്‍, രാഷ്ട്രീയ പ്രവര്‍ത്തകരായ സി.പി.കുഞ്ഞിക്കോയാമു ഹാജി, വെട്ടന്‍ മമ്മി, പിലാത്തേക്ക് ബാവഹാജി, പി.പി.സെയ്തലവി, ടി.എം.ബാവ, ആലുങ്ങല്‍ സൈതലവ്ി, സി.എച്ച്. ഫിറോസ്, എന്നിവര്‍ ഈ പഞ്ചായത്തില്‍ നിന്നും പ്രശസ്തിയിലേക്കുയര്‍ന്ന വ്യക്തിത്വങ്ങളാണ്. പഞ്ചായത്തിലെ സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നാരു സ്ഥാപനമാണ് ‘റീ-എക്കോ’. പട്ടര്‍നടക്കാവ് സാംസ്കാരിക ഗ്രന്ഥശാല, തിരുനാവായ ഗവണ്‍മെന്റ് വായനശാല, തിരുനാവായ റൂറല്‍ വായനശാല എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലാ-സാംസ്കാരിക-വൈവാഹിക പരിപാടികള്‍ക്ക് വേദിയൊരുക്കുന്നതിനായി, 2 കമ്മ്യൂണിറ്റി ഹാളുകളും, 2 ഓഡിറ്റോറിയങ്ങളും പഞ്ചായത്തിലുണ്ട്. സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പാറയില്‍ ബാപ്പുഹാജി, പടിക്കാപറമ്പില്‍ കോയ, കോമുഹാജി, സി.മൊയ്തീന്‍, ടി.കെ. അലവികുട്ടി, കൊച്ചുണ്ണി മാഷ്, സി.പി. ബഷീര്‍, മണ്ണുപറമ്പില്‍ കോയ, കായക്കല്‍ അലി, സി.പി. മൊയ്തീന്‍ ഹാജി, അലവി കോട്ടയില്‍, പി.ഇ. ഇബ്രാഹിം, ചിറക്കല്‍ ഉമ്മര്‍, കെ.പി. അലവി, എം.കെ. സതീഷ്ബാബു, കായക്കല്‍ അലി എന്നിവര്‍ തിരുനാവായ പഞ്ചായത്തിന്റെ അഭിമാനമാണ്. സ്വരം, വിന്‍സ് ക്ളബ്ബ്, ബ്രദേഴ്സ്, സി.എച്ച്.സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പഞ്ചായത്തിലെ കലാരംഗത്തെ പരിപോഷിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
ആരോഗ്യരംഗം
ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. സി.എസ്.ഐ മിഷന്‍ ഹോസ്പിറ്റല്‍, മേനോന്‍സ് ഹോസ്പിറ്റല്‍, ഡോ.രാജീവ് ഹോമിയോ ക്ളിനിക്ക്, ആര്‍.ടി.കെ. വൈദ്യശാല, പുനര്‍ജനി, ചങ്ങമ്പള്ളി വൈദ്യശാല എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. കൂടാതെ തിരുനാവായ പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും, നിരവധി സ്വകാര്യ ക്ളിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ മൂന്നു സ്ഥലങ്ങളില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്. നിരവധി മെഡിക്കല്‍ ഷോപ്പുകളും, ആയുര്‍വദ ഔഷധശാലകളും പഞ്ചായത്തിലുണ്ട്.


  • കിഴക്ക് - കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തലക്കാട്, തൃപ്രങ്ങോട്, വളവന്നൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകൾ
  • വടക്ക് - വളവന്നൂർ, കൽപകഞ്ചരി, ആതവനാട് പഞ്ചായത്തുകൾ

വാർഡുകൾ

  1. ചേരൂരാൽ
  2. മുട്ടിക്കാട്
  3. കോന്നല്ലൂർ
  4. നമ്പ്യാംകുന്ന്
  5. വലിയപറപ്പൂർ
  6. കാതനങ്ങാടി
  7. എടക്കുളം ഈസ്റ്റ്
  8. താഴത്തറ
  9. തിരുനാവായ
  10. അഴകത്തുകളം
  11. തിരുത്തി
  12. കൊടക്കൽ നോർത്ത്
  13. കൊടക്കൽ വെസ്റ്റ്
  14. കാരത്തൂർ
  15. സൗത്ത് പല്ലാർ
  16. എടക്കുളം വെസ്റ്റ്
  17. കുന്നുംപുറം
  18. കുത്തുകല്ല്
  19. വൈരങ്കോട്
  20. ചൂണ്ടിക്കൽ
  21. കൈത്തക്കര
  22. ഇഖ്ബാൽ നഗർ

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ