ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. മഴുവെറിഞ്ഞ് കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തിയെടുത്തുവെന്ന ഐതിഹ്യത്തിലെ നായകനായ പരശുരാമന്റെ ആസ്ഥാനം തിരുനാവായ ആണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. കേരളചരിത്രത്തിലും സംസ്കാരത്തിലും തിരുനാവായയ്ക്കു വിശിഷ്ഠമായ സ്ഥാനമാണുള്ളത്. നവയോഗികളാല്‍ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രം ഭാരതപ്പുഴയുടെ ഇക്കരെയും, ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍ അക്കരെയുമായി സ്ഥിതി ചെയ്യുന്നു. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. രാജാക്കന്മാരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഇത്തരം ചരിത്രങ്ങള്‍ക്കു ശേഷം തിരുനാവായുടെ ഖ്യാതി, ക്രിസ്റ്റ്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുകേട്ടത്. ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്‍ക്കുന്ന പടയാളികളെ പരിചരിക്കാനായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന ഗുരുക്കന്മാരെ, സാമൂതിരി താഴത്തറ ചങ്ങമ്പള്ളികുന്നില്‍ കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. 400 വര്‍ഷം മുമ്പെത്തിയ ഇവര്‍, ഇപ്പോള്‍ പല താവഴികളായി പിരിഞ്ഞ് ചികിത്സ നടത്തി വരുന്നു. പെരുമ്പിലാവില്‍ കേളുമേനോനെ പോലുള്ള പ്രശസ്തരായ അഭ്യാസികള്‍ പരിശീലനം നേടിയത് താഴത്തറയിലെ ചങ്ങമ്പള്ളികളരിയിലാണെന്ന് ഐതീഹ്യമാലയില്‍ പറയുന്നു. എടക്കുളം കുന്നുമ്പുറത്ത് സ്ഥിതി ചെയ്യുന്ന “പഠാണി ശഹീദിന്റെ മഖ്ബറ”യും, ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ അധീനതയിലാണ്. ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതോടനുബന്ധിച്ച് മതപഠനത്തിനായി ഒരു ഓത്തുപള്ളിയും സ്ഥാപിക്കപ്പെട്ടിരുന്നു. അഞ്ഞൂറോളം ഇല്ലങ്ങളുള്ള ഓത്തന്മാരുടെ ആസ്ഥാനവും തിരുനാവായയായിരുന്നു. ഇപ്പോള്‍ നിളയുടെ തെക്കേകരയില്‍ സ്ഥിതി ചെയ്യുന്ന “ഓത്തന്മാര്‍ മഠം” മുമ്പ് വടക്കെകരയിലായിരുന്നു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പുരാതനകാലം മുതലേ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. തുലാം, കുംഭം, കര്‍ക്കിടക വാവുദിവസങ്ങളില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നായാടിമാര്‍ ഇവിടെ എത്തിയിരുന്നു. ഇവരുടെ പ്രധാനതൊഴില്‍ ഉറി വില്‍പ്പനയും ഭിക്ഷാടനവുമായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ദര്‍ശിക്കാനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രവിളക്ക് കെട്ടുപോകാതിരിക്കാനായി, തച്ചുശാസ്ത്രവിധിപ്രകാരം പെരുന്തച്ചന്‍ സ്ഥാപിച്ച കുത്തുകല്ല്, ഇന്നും എടക്കുളം എ.എം.യു.പി.സ്കൂളിനടുത്തായി കാണാം. സുമാര്‍ ഒന്നരയാള്‍ ഉയരത്തിലുള്ളതാണ് ഈ കല്ല്. ഇത്തരത്തിലുള്ള വന്‍ കുത്തുകല്ലുകള്‍ കൈത്തരക്കര ജി.എല്‍.പി.സ്കൂളിനടുത്തും, അനന്താവൂര്‍ കൂത്തുകല്ല് പറമ്പിലും ഇപ്പോഴും നിലകൊള്ളുന്നുണ്ട്. തിരുനാവായ പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈരങ്കോട് ഭഗവതിക്ഷേത്രം, മലബാര്‍ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അന്നത്തെ നാട്ടുപ്രമാണിയായ വെള്ളാടത്ത് തറവാട്ടിലെ വെള്ള തലേക്കെട്ടുകാരനായ തെക്കന്‍ മരക്കാര്‍ മൂപ്പന്റെ നേതൃത്വത്തിലാണ് ചെറുത്തുനില്‍പ്പുണ്ടായത്. ഇതേതുടര്‍ന്ന് ഈ തറവാട്ടുകാര്‍ക്ക് അന്നുമുതല്‍ ക്ഷേത്രത്തില്‍ നിന്നും വര്‍ഷംതോറും ഒരവകാശം കല്‍പ്പിച്ചരുളുകയും തലമുറകളായി അവര്‍ അത് കൈപ്പറ്റിവരികയും ചെയ്തിരുന്നു. ഈ സ്ഥലം പിന്നീട് കമ്പനിയുടെ അധീനതയില്‍ വരികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷു വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്നു മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇതിനു പുറമെ, വിദ്യാഭ്യാസം ഉന്നതകുലത്തില്‍ ജനിച്ചവരുടെയും സമ്പന്നരുടെയും മാത്രം അവകാശമാണെന്ന ചിന്താഗതി കുറഞ്ഞ തോതിലാണെങ്കിലും ഇവിടെ നിലനിന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരായ നല്ലൊരു വിഭാഗം ജനങ്ങളെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വിദ്യാഭ്യാസരംഗത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നിരന്തരമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പില്‍ക്കാലത്ത് അതിനു മാറ്റം വന്നതായി കാണാവുന്നതാണ്. മഹാപണ്ഡിതനും സൂഫിവര്യനുമായിരുന്ന കൈത്തക്കര മുഹിയുദ്ദീന്‍ കുട്ടി മുസലിയാര്‍, പല്ലാര്‍ കമ്മുമുസലിയാര്‍, എടക്കുളം എന്‍.അബൂബക്കര്‍ മുസലിയാര്‍, കെ.പി.കമ്മു മുസലിയാര്‍, കെ.സി.വി.രാജ, വെള്ളുത്താട്ട് നമ്പൂതിരി, അമരിയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.കെ.പല്ലാര്‍ തുടങ്ങിയവരെല്ലാം ഈ പഞ്ചായത്തില്‍ ജനിച്ച, മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭാധനന്മാരായിരുന്നു. രാഷ്ട്രപിതാവിന്റെയും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി, കെ.പി.കേശവമേനോന്‍, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ ഒട്ടനവധി ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടേയും ചിതാഭസ്മം നിമര്‍ജ്ജനം ചെയ്തത്, ഇവിടെ നിളയിലെ ത്രിമൂര്‍ത്തി സംഗമത്തിലാണ്. നിളയുടെ തെക്കേകരയില്‍ കേളപ്പജി സ്ഥാപിച്ച ശാന്തികുടീരം സ്ഥിതി ചെയ്യുന്നു. ഈ ശാന്തിമന്ദിരത്തില്‍ താമസിച്ചാണ് കേളപ്പജി നാല്‍പതുവര്‍ഷത്തോളം സര്‍വ്വോദയപ്രവര്‍ത്തനം നടത്തിയത്. ഇപ്പോള്‍ “നവോദയമേള” നടക്കുന്നതും ഇവിടെയാണ്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മം തിരുനാവായില്‍ നിമര്‍ജ്ജനം ചെയ്ത 1948 മുതല്‍ക്കാണ് തിരുനാവായ “നവോദയമേള”ക്കു തുടക്കം കുറിച്ചത്. സര്‍വ്വോദയമേളയോടനുബന്ധിച്ച് ഓരോ വര്‍ഷവും ഫെബ്രുവരി 12-ന് നിളയുടെ തെക്കേകരയില്‍ നിന്ന് വടക്കേകരയിലേക്ക് ശാന്തിയാത്ര നടത്താറുണ്ട്. 1948 മുതല്‍ ഇന്നുവരെ ഇതു മുടങ്ങാതെ നടന്നുവരുന്നു. നിളയുടെ വടക്കേക്കരയില്‍ ആരംഭിച്ച സര്‍വ്വോദയമേള പിന്നീട് തെക്കേക്കരയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് കോഴിക്കോട് നവോദയസംഘത്തിന്റെ ഖാദി നെയ്ത്തുകേന്ദ്രവും കേളപ്പജി സ്തൂപവും സ്ഥിതിചെയ്യുന്നത്. വടക്കേകരയിലെ പ്രസിദ്ധമായ നാവാമുകുന്ദാ ക്ഷേത്രത്തിലേക്ക് പോകുന്ന പാതയുടെ കവാടത്തില്‍ ഗാന്ധിജിയുടെ ഒരു സ്മാരകസ്തൂപം സ്ഥിതി ചെയ്യുന്നുണ്ട്. “മാര്‍ക്കണ്ഡേയപുരാണ”ത്തിലൂടെ പ്രസിദ്ധമായ തൃപ്രങ്ങോട്ട് മഹാദേവക്ഷേത്രവും ഇവിടെ അടുത്താണ്. നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ ആസ്ഥാനമായ ചന്ദനക്കാവ്, അരിയിട്ട് വാഴ്ചയുടെ അധിപനായ ആഴ്വാഞ്ചരി തമ്പ്രാക്കള്‍ വാഴുന്ന ആതവനാട്, കുട്ടികൃഷ്ണമാരാരുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തൃപ്രങ്ങോട് എന്നീ സാംസ്കാരിക കേന്ദ്രങ്ങളൊക്കെ തിരുനാവായ പഞ്ചായത്തിന്റെ അയല്‍പക്കങ്ങളിലാണ്.
2013, ജൂൺ 25, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ