കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാനി, തിരൂർ, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ. ഈ രാജവംശംആറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകൾ ഉണ്ട്. ഇവരുടെ കുടുംബത്തിലെ പുരുഷപ്രജകളെ വള്ളോടിമാർ എന്നു വിളിക്കുന്നു.
വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. ഇവിടത്തെ തിരുമാന്ധാംകുന്നു ഭവഗതി വള്ളുവക്കോനാതിരിമാരുടെ ഭരദേവതയായിരുന്നു. തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെരക്ഷാധികാരസ്ഥാനം തുടക്കത്തിൽ വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു യുദ്ധത്തിലൂടെ സാമൂതിരി അത് കൈക്കലാക്കി.
മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്‌വരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നുള്ളൂ. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വള്ളുവനാട്ടുരാജാവ്തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. പിൽക്കാലത്ത് ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കി.
ചരിത്രം
ചേരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നാണ് വള്ളുവനാട്. ഗുഡലൂരിലെ പന്തലൂർ മലകൾ മുതൽ പൊന്നാനി വരെയാണ് ആദ്യകാലത്ത് ഇതിന്റെ വിസ്തൃതി എന്ന് വാങ്ങ്മൊഴികളുണ്ട്. സി.ഇ. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ രാജ്യം ഇരുനൂരു വർഷങ്ങളോളം സജീവമായി നിന്നശേഷം പതിനാലാം നൂറ്റാണ്ടിനൊടുവിൽ സാമൂതിരിക്കു കീഴ്പെടുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗവും അങ്ങിനെ നഷപ്പെട്ട അവർ തുടർന്നും തങ്ങളുടെ ഭരണകേന്ദ്രങ്ങളുടെ സമീപസ്ഥലങ്ങളിൽ ഭരണം നടത്തിക്കൊണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നു. തങ്ങളുടെ പരദേവതയായിരുന്ന അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നു (തിരുമാതാകുന്ന്)ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി കഴിഞ്ഞുകൂടിയിരുന്ന വള്ളുവക്കണക്കന്മാരുടെ ഇടയിലേക്ക് മദ്ധ്യകേരളത്തിൽ നിന്ന് കടൽമാർഗം എത്തിപ്പെട്ട് അധികാരം പിടിച്ചെടുത്തവരണ് ഇവർ എന്നും തന്മൂലമാണ് അവരുടെ രാജ്യത്തിന് വള്ളുവനാട് എന്ന് പേർ കിട്ടിയതെന്നും പറയപ്പെടുന്നുണ്ട്.
വള്ളുവക്കോനാതിരി
വള്ളുവനാട്ടിലെ രാജാവ് വള്ളുവക്കോനാതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. അവർ സ്വയം വിശേഷിപ്പിച്ചിരുന്നത് വള്ളുവക്കോനാതിരി എന്ന കോതൈക്കടുങ്ങോനായ കോവിൽകരുമികൾ (കർമ്മികൾ)എന്നാണ്. കടുംകോൻ എന്ന പുരാതന ദ്രാവിഡനാമം അവരുടെ ഉത്പത്തി ആദിചേരന്മാരുടെ കാലത്തേക്കു കൊണ്ടുപോകുന്നുണ്ട്.
മഞ്ചേരിക്കടുത്തുള്ള പന്തലൂർ ഭഗവതിയും തിരുമാന്ധാംകുന്നു ഭഗവതിയും ഇവരുടെ ഭരദേവതകളാണ്. പതിനാലാം നൂറ്റാണ്ടായപ്പോഴേക്ക് അവരുടെ കുടുംബം കടന്നമണ്ണ, ആയിരനാഴി, മങ്കട, അരിപ്പുറ എന്നീ നാലുതാവഴികളായി പിരിഞ്ഞിരുന്നു. ഈ താവഴികളിലെ മൂത്ത പുരുഷപ്രജയായിരുന്നു വള്ളുവക്കോനാതിരി.മുഴുവൻ കൂംബത്തിലേക്കും പ്രായം ചെന്ന സ്ത്രീപ്രജ കുളത്തൂർ തമ്പുരാട്ടി എന്നും തൊട്ട് ഇളയ സ്ത്രീപ്രജ കടന്നോൺ മൂത്ത തമ്പുരാട്ടി എന്നും അറിയപ്പെട്ടിരുന്നു. മൂലകുടുംബം അങ്ങാടിപ്പുറത്തെ കുളത്തൂരിനു സമീപമുള്ള കുറുവ എന്ന സ്ഥലത്തെ കടന്നമണ്ണ കോവിലകമായിരുന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ