2013, ജൂൺ 21, വെള്ളിയാഴ്‌ച

പൂങ്കാവനം ഡാം.



മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ വെട്ടത്തൂര്‍ എന്ന സ്ഥലത്തുള്ള പൂങ്കാവനം ഡാം. ഈ ഡാമിന്റെ ടൂറിസം വികസന സ്വപ്നങ്ങള്‍ പൂവണിയുമോ?
ദയവായി ഷെയര്‍ ചെയ്യുക.


1968ലാണ് സംസ്ഥാന ജലവിഭവ വകുപ്പിന്റെ 25 ഏക്കര്‍ ഭൂമിയില്‍ 7.82 ലക്ഷം രൂപ ചെലവില്‍ റിസര്‍വോയര്‍ (അണക്കെട്ട്) പ്രവൃത്തി തുടങ്ങിയത്. 1971ലായിരുന്നു ഉദ്ഘാടനം. വെട്ടത്തൂര്‍, അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ മുന്നൂറോളം ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിക്ക് ജലസേചന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് അണക്കെട്ട് നിര്‍മിച്ചത്. എന്നാല്‍ മേഖലയിലെ നെല്‍കൃഷി കുറഞ്ഞതോടെ അണക്കെട്ടിന്റെ പ്രാധാന്യം കുറഞ്ഞു. നിര്‍മാണത്തിലെ പാകപ്പിഴമൂലം ചോര്‍ന്നുതുടങ്ങിയ അണക്കെട്ടിനെ അധികൃതരും കൈയൊഴിയുകയായിരുന്നു. കനാലിന് സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും അതിന്റെ നിര്‍മാണവും നടന്നില്ല. തുടക്കത്തില്‍ തന്നെ ഉപയോഗശൂന്യമായ ഡാം 20 വര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ആ ശ്രമവും പരാജയപ്പെട്ടു.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച അണക്കെട്ട് നാടിനും നാട്ടാര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന ജനകീയ ആവശ്യം ശക്തമായതിനെത്തുടര്‍ന്ന് മുന്‍ എം.എല്‍.എ വി. ശശികുമാര്‍ മുന്‍കൈയെടുത്ത് അണക്കെട്ടിന്റെ ടൂറിസം സാധ്യതയെക്കുറിച്ച് വിലയിരുത്തുന്നതിനുവേണ്ടി മുന്‍ ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ. പ്രേമചന്ദ്രനെയും ഉദ്യോഗസ്ഥരെയും അണക്കെട്ട് സന്ദര്‍ശിക്കുന്നതിനായി സ്ഥലത്തെത്തിച്ചിരുന്നു.
ജലലഭ്യതക്കുറവും നിര്‍മാണഘടനയിലെ അപചയവും കാരണം നിലവിലുള്ള അണക്കെട്ട് പുനരുദ്ധരിക്കുന്നത് അപ്രായോഗികവും അസാധ്യവുമാണെന്നായിരുന്നു മന്ത്രിയുടെ വിലയിരുത്തല്‍. അണക്കെട്ട് ഉള്‍പ്പെടുന്ന സ്ഥലം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ജലസേചന വകുപ്പ് പ്രോജക്ട് (ഒന്ന്) ചീഫ് എന്‍ജിനിയര്‍, പീച്ചിയിലെ എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ടൂറിസം ഡയറക്ടര്‍ എന്നിവരടങ്ങുന്നതായിരുന്നു സമിതി. സര്‍ക്കാര്‍ ഉത്തരവ് വന്നതിനെത്തുടര്‍ന്ന് സമിതി രൂപവത്കരിച്ചെങ്കിലും ഇതുവരെ സമിതിയിലെ ഒരംഗംപോലും പൂങ്കാവനം അണക്കെട്ട് സന്ദര്‍ശിക്കുകയോ പഠനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ അണക്കെട്ട് സന്ദര്‍ശനം ആഘോഷമാക്കിയ പാര്‍ട്ടി നേതൃത്വവും എം.എല്‍.എയും പിന്നീട് അതിനാവശ്യമായ തുടര്‍ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.


അവികസിത പ്രദേശമായ വെട്ടത്തൂര്‍ ഗ്രാമപ്പഞ്ചായത്തിനെ ടൂറിസം മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന അണക്കെട്ടും പരിസരപ്രദേശവും ഇപ്പോള്‍ കാടുമൂടി നശിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം വ്യാപകമായ തോതില്‍ കൈയേറ്റം ചെയ്യപ്പെടുന്നതായും പരാതി ഉയരുന്നുണ്ട്.
ഒരു നാടിന്റെ ടൂറിസം സ്വപ്നം സാക്ഷാത്കരിക്കാന്‍, അണക്കെട്ടിന്റെ ടൂറിസം സാധ്യത പഠനവിധേയമാക്കി അത് ഉടന്‍ നടപ്പാക്കണമെന്ന ജനകീയ ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

(കടപ്പാട്: REGUL GUYS)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ