തിരുന്നാവായ
ജില്ലയിലെ തിരുന്നാവായ അതിപുരാതനമായൊരു സംസ്കാരിക ചരിത്ര പ്രദേശമാണ്. ക്രിസ്തുവര്‍ഷം ഒന്നാം ശതകത്തില്‍ ജീവിച്ചിരുന്ന പെരിപ്ലസ് എന്ന ഗ്രീക്ക് സഞ്ചാരിയുടെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന നൗര്യ എന്ന തുറമുഖ സംസ്കാരിക കേന്ദ്രം തിരുനാവായയാണെന്ന് ചില ചരിത്രകാരന്മാര് പറയുന്നു. ദക്ഷിണഗംഗയെന്ന് പേരുകേട്ട നിളയിലെ പഞ്ചസ്നാന ഘട്ടങ്ങളില്‍ പ്രസിദ്ധമാണ് തിരുനാവായ. ത്രിമൂര്‍ത്തീ സംഗമത്തിന്റെ അപൂര്‍വ്വ സ്ഥാനമാണിത്. മധ്യകാല സാഹിത്യത്തിലുണ്ടായിട്ടുള്ള വിശേഷപ്പെട്ട കൃതികളെല്ലാം തിരുന്നാവായ എന്ന സാംസ്കാരിക കേന്ദ്രം ഉജ്വലമായി വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. മാതൃദത്തന്‍ നമ്പൂതിരിയുടെ ‘കാമ സന്ദേശം’ ഉദ്ദണ്ഡ ശാസ്ത്രികളുടെ ‘കോകില സന്ദേശം’ വാസുദേവന്‍ നമ്പൂതിരിയുടെ 'ഭൃംഗ സന്ദേശം' നീലകണ്ഠന് നമ്പൂതിരിയുടെ 'മനുഷ്യാലയ ചന്ദ്രിക' പ്രശസ്ത കാവ്യമായ 'ചന്ദ്രോത്സവം' തുടങ്ങിയ എത്രയെത്രയോ ഉദാഹരണങ്ങള്‍ സൂചിപ്പിക്കാനുണ്ട്. ചരിത്രത്തിലെ തിരുന്നാവായ മാമാങ്കത്തിന്റെ നിലപാടു സ്ഥാനവുമാണല്ലോ.
ആധുനിക കേരളത്തിന്റെ നവോത്ഥാനകാലത്ത് കേളപ്പജിയെപ്പോലെ ഒരാള്‍ക്ക് ശാന്തികുടീരമാക്കി മാറ്റിത്തീര്‍ക്കാന്‍ പോന്ന നന്മ തിരുന്നാവായയുടെ സാംസ്കാരിക പ്രഭാവത്തില്‍ പിന്നീടും ബാക്കി നിന്നിരുന്നുവല്ലോ. പുഴയ്ക്കക്കരെ സാക്ഷാല്‍ വല്വമംഗലം സ്വാമിയാരുടെ ജന്മസ്ഥലമായി ഗണിക്കപ്പെടുന്ന തവനൂരിലായിരുന്നു കേളപ്പജിയുടെ സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ ആസ്ഥാനം. ആ നവോത്ഥാനത്തിന്റെ തുടര്‍ച്ചയില്‍ പിന്നീട് വി.ടി. പ്രസ്ഥാനത്തിന്റെ വഴിയില്‍ സാമൂഹിക പരിവര്‍ത്തന രംഗത്തെത്തിയ ഇ.എം.എസ്. മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ വിപ്ലവത്തിന്റെ രക്തനക്ഷത്രമായി മാറി. ഏലംകുളം എന്ന മലപ്പുറം കുഗ്രാമത്തില്‍ നിന്ന് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി വളര്‍ന്ന ഇ.എം.എസ്. ചരിത്രത്തെ തന്നോടൊപ്പം നടത്തിച്ച നവോത്ഥാന നായകനായിരുന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ