മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരിശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കു നേർ യുദ്ധം അസാധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് അല്പം സ്വാധീനം ആവശ്യമായിരുന്നു. ഇതിനായി തിരുമന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി ചാവേറുകളായി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്.അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരാണ് ചാവേറുകൾ.[8] വെള്ളാട്ടിരി പ്രധാനമായും നാലു നാടുവാഴി നായർ കുടുംബങ്ങളെയാണ് ചാവേറിന്റെ നേതൃത്വം ഏല്പ്പിച്ചിരുന്നത് ഇത് 1. ചന്ദ്രാട്ട് പണിക്കർ 2. പുതുമന പണിക്കർ 3. കോക്കാട്ട് പണിക്കർ 4. വേർക്കോട്ട് പണിക്കർ എന്നിവരായിരുന്നു.ഇവരുടെയെല്ലാം ബന്ധുക്കൾ മുൻ യുദ്ധങ്ങളിൽ സാമൂതിരിയാൽ കൊല്ലപ്പെട്ടതാകവഴി കുടിപ്പക മനസ്സിൽ കൊണ്ടു നടക്കുന്നവരുമായിരുന്നു. ഇവർ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാവേർ പോരാളികളാണ്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നിലപാടു തറയിൽ നിന്ന് (പിന്നീട് ചാവേർത്തറ) ഇവർ പ്രാർത്ഥനയോടെ പുറപ്പെടുന്നു. മാമാങ്കത്തിനിടയിൽ വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ(നിലപാടുതറ) നാടുവാഴിയായ സാമൂതിരി യുദ്ധസന്നദ്ധനായി എഴുന്നള്ളുമായിരുന്നതാണവരുടെ ലക്ഷ്യം. ഈ ചാവേറുകൾ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലുള്ള സാമൂതിരിയെ ആയുധവുമായി ആക്രമിച്ച് വധിക്കാൻ ശ്രമിക്കും. എന്നാൽ ചാവേറുകളെ അയക്കുന്ന പാരമ്പര്യമുണ്ടായിരുന്ന നാനൂറ് വർഷങ്ങളോളം കാലത്തിലും ഒരു ചാവേറിനു പോലും സാമൂതിരിയെ വധിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 1695-ലെ മാമാങ്കത്തിൽ ചന്ദ്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു എന്നും പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെയെത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടായിരുന്നുള്ളുവെന്നും പലകഥകളിലും പരാമർശിക്കുന്നുണ്ട്.[2] ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം നിലച്ചുപോയ മാമാങ്കം ഇന്ന് ഒരു ചടങ്ങുമാത്രമായി അവശേഷിക്കുന്നു. 16000 സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു.പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ സാമൂതിരി രാജാവ് 12 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തിൽ ആർക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാൻ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും സാമൂതിരി വിധിച്ചു. സാമൂതിരി തന്റെ ഭടന്മാരാൽ ചുറ്റപ്പെട്ട് ജനമദ്ധ്യത്തിൽ ഒരു ഉയർന്ന വേദിയിൽ ഇരിക്കുമായിരുന്നു
ചാവേറുകളുകളെക്കുറിച്ച് രേഖകളില് എഴുതി വയ്ക്കുമായിരുന്നു. അത്തരത്തില് ഉള്ള ഒരു രേഖ: [9]
- “മാമങ്ക തൈപ്പുയത്തിന്നാള് നെലപാടുനിന്നുരുളുന്നതിന്റെ മുമ്പെ വന്നു മരിച്ച ചാവെര് പെര് അഞ്ച്
ആന പൊന്നണിഞ്ഞ ദിവസം അസ്തമിച്ച പുലര്കാലെ വട്ടമണ്ണ കണ്ടര് മേനൊരും കൂട്ടവും വന്നു മരിച്ചപെര് പതിനൊന്ന്
വെട്ടെ പണിക്കരും കൂട്ടവും മുന്നാം ദിവസം വന്നു, മരിച്ചപെര് പന്ത്രണ്ട്.
നാള് നാലില് വാകയൂരില് വന്നു മരിച്ചപെര് എട്ട്
കളത്തില് ഇട്ടിക്കരുണാകരമെനൊന് ഇരിക്കുന്നെടത്തു പിടിച്ചുകെട്ടി വാകയൂര് കൊണ്ടുപോയി കൊന്ന ചാവെര് ഒന്ന്.
മകത്തുന്നാള് കുടിതൊഴുന്ന ദിവസം നിലപാടുനേരത്തു വായയൂരെ താഴത്ത്യ് നുന്നു പിടിച്ച് അഴിയൊടു കെട്ടിയിട്ട് നെലപാട് കഴിഞ്ഞ് എഴുന്നള്ളിയതിന്റെ ശേഷം വാകയൂര താഴത്തിറക്കി വെട്ടിക്കളഞ്ഞ ചാവെര് നാല്
ആകെ ചാവെര് അന്പത്തിഅഞ്ച്, പുതിയങ്ങാടിയില് നിന്നു കൊണ്ടുവന്ന വെളിച്ചെണ്ണ ചൊതന ആയിരത്തി ഒരുനീറ്റി മൂന്നേ മുക്കാല്“
ഇത്തരത്തില് മറ്റു കണക്കുകളുടെ ഇടയ്ക്ക് നിസ്സാരമായി കാണുന്ന തരത്തിലാണ് ചാവേറുകളെ പറ്റി എഴുതിയിരിക്കുന്നത്. ഇവരുടെ ബാഹുല്യം നിമിത്തം പ്രാധാന്യം നഷടപ്പെട്ടതാവാം കാരണം
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ